Thursday, February 14, 2013

ramewsaram






കോടി ധനുസ്സുകളുടെ


  തീരം തേടി
പാലക്കാടുനിന്ന് പൊള്ളാച്ചിയിലേക്ക് മുമ്പുണ്ടായിരുന്ന മീറ്റര്‍ ഗേജ് റെയില്‍പാളം  ഇന്ന്  പുല്ല് പിടിച്ചുകിടപ്പാണ്. നെല്ലറയിലെ പാടശേഖരങ്ങള്‍ക്ക് നടവിലൂടെ ഓടിയിരുന്ന ഇന്ത്യയിലെ അവസാനത്തെ കരിവണ്ടി നിലച്ചിട്ട് നാലുവര്‍ഷമായി . തമിഴ്‌നാട് ഭാഗത്ത് മാത്രമേ ഇപ്പോള്‍ ബ്രോഡ്‌ഗേജിന്റെ പണി നടക്കുന്നുള്ളൂ.  തമിഴ്‌നാട് ലോബിയുടെ പതിവ് റെയില്‍വെ അട്ടിമറി ഇവിടെയും കാണാം.
പൊള്ളാച്ചിയില്‍ നിന്ന് വടയും ചായയും കഴിച്ചിട്ട് രാമേശ്വരം ലക്ഷ്യം വെച്ച് വണ്ടി കയറിയെങ്കിലും കിട്ടിയത് പഴനിക്കുള്ള എക്‌സ്പ്രസ്. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡ് കണ്ടപ്പോഴാണ് കേരളത്തിലെ പ്രബുദ്ധ ജനതയുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും കാര്യക്ഷമത ബോധ്യപ്പെട്ടത്. എന്തൊരു വിശാലതയാണ് തമിഴ്‌നാട്ടിലെ ബസ് സ്റ്റാന്‍ഡുകള്‍ക്ക്. സ്റ്റാന്‍ഡുകള്‍ എന്നു പറഞ്ഞാല്‍ മാത്രം ഇതിനെ ഒതുക്കാന്‍ പറ്റില്ല. ഒരേക്കറോളം പരന്നുകിടക്കുന്ന ബസ് താവളമാണ് തമിഴ്‌നാട്ടിലെ മിക്ക ബസ്  സ്റ്റേഷനുകളും.
വൈകീട്ട് ആറുകഴിഞ്ഞതിനാല്‍ നനുത്ത കാറ്റിനൊപ്പം ചുറ്റും  നിഴല്‍ വിരിച്ച പാടങ്ങളുംകരിമ്പനകളും കാണായി. വണ്ടിയില്‍ മുന്‍ഭാഗത്തുതന്നെ സീറ്റ് തരപ്പെടുത്തി കാഴ്ചകള്‍ മറയാതിരിക്കാന്‍ ശ്രദ്ധിച്ചു.. പിന്നെ നാടിന്റെ  വികസനസങ്കല്‍പത്തിലെ പൊള്ളത്തരങ്ങള്‍ നൊമ്പരങ്ങളായി സുഹൃത്ത് പ്രമോദിലെത്തിച്ചു.  വികാരങ്ങള്‍ അത്ര പെട്ടെന്ന് പ്രകടിപ്പിക്കാത്തതിനാല്‍ തുല്യദു:ഖിതരെങ്കിലും പ്രമോദ് എല്ലാം കേട്ട്  കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. പഴനിക്കുള്ള വഴിയേ അരികിലെല്ലാം ആളുകളുടെ പ്രയാണം. ഇവരെങ്ങോട്ടാണ്. പണ്ട് പലപ്പോഴും വന്നിട്ടുണ്ടെങ്കിലും കാറ്റാടിപ്പാടങ്ങളുടെ കണ്‍കുളിര്‍കാഴ്ചയല്ലാതെ ആളുകളെ അത്ര ഈ വഴിക്ക് കണ്ടിട്ടില്ല. പ്രമോദ് തന്നെ ഉത്തരം തന്നു.  പഴനി തൈപ്പൂയമാണ്. ഇവരെല്ലാം അങ്ങോട്ടാവും. അപ്പോഴാണ് പഴനിയില്‍ ചെന്നാലത്തെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചത്.
നഗരം നല്ല തിരക്കിലാവും. താമസത്തിനും ബുദ്ധിമുട്ടും. എന്നാല്‍ വിചാരിച്ചതുപോലെ ആയില്ല സംഗതി. കാറ്റാടിയന്ത്രങ്ങളുടെ കാഴ്ചകള്‍ പിന്നിട്ട് ചെല്ലുമ്പോള്‍ വഴിയില്‍ തടയായി നിന്ന പഴനിമുരുകഭക്തര്‍ പതുക്കെപ്പതുക്കെ റോഡരികുകളില്‍ തമ്പടിച്ചുതുടങ്ങുന്നതു കണ്ടു.
ഹോ. ഇവര്‍ ഇന്ന് അവിടെ എത്താനല്ല ഉദ്ദേശ്യമെന്ന് തോന്നുന്നു. പഴനി നഗരത്തെ ബസ് പുല്‍കുമ്പോള്‍ നേരം എട്ട് പിന്നിട്ടു. പക്ഷേ വിചാരിച്ച ആള്‍തിരക്ക് അവിടെയുണ്ടായില്ല. ഈ വഴിയിരികില്‍ കണ്ട ആയിരങ്ങള്‍ എവിടെപ്പോയി. ഒരു പക്ഷേ അവര്‍ മറ്റെവിടേക്കെങ്കിലുമാവുമോ. വിശപ്പ് വയറിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും ഭക്ഷണം പഴനിമുരുകദര്‍ശനം കഴിഞ്ഞ് മതിയെന്നാക്കി. നേരെ പിടിച്ചു മലയിലേക്ക്. രാത്രിയായതിനാല്‍ മുരുകക്ഷേത്രത്തില്‍ വൈദ്യുതിവിളക്കുകള്‍ നക്ഷത്രശോഭ പരത്തിയിരുന്നു. ദ്രാവിഡരുടെ വലിയ പുണ്യഗേഹങ്ങളിലൊന്നായ ഈ അമ്പലത്തില്‍ കയറുന്നത് പുണ്യത്തിലുപരി ആയാസമേറിയ കായികാഭ്യാസം കൂടിയാണ്. യാത്രയില്‍ കായികത്തിന് പ്രധാന പങ്കുള്ളതിനാല്‍ ചെരുപ്പുകള്‍ കവറിലാക്കി കയ്യില്‍തൂക്കി പഴനിമല കയറ്റം തുടങ്ങി. ആദ്യമൊക്കെ ഉഷാറുണ്ടായെങ്കിലും കുന്ന് കയറ്റം പത്തുമിനിറ്റ് കഴിഞ്ഞാല്‍ പ്രയാസം തന്നെ.  സംസാരം കിതപ്പിലേക്ക് മാറിയപ്പോള്‍ ഇനിയെത്ര കയറ്റം എന്നായി നോട്ടം. കഷ്ടി അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ നെറുകിലെത്തി. അവിടെ ചെണ്ടയുടെ ഘോരനാദം. ആണും പെണ്ണും കുട്ടികളും വരികളായി ദര്‍ശനത്തിന് നില്‍ക്കുന്നു. 20 രൂപ മുതല്‍ 200 വരെ നല്‍കിയാല്‍ ദര്‍ശനത്തിന് പ്രത്യേകം ക്യൂയില്‍ കയറാം. ദൈവത്തിനും കൈക്കൂലി. ക്ഷേത്രം വലം വെച്ചപ്പോള്‍ ഭസ്മം പുരട്ടിയ യുവാക്കളും മധ്യവയസ്‌കരും തൈക്കോലങ്ങളേറ്റി ഹരഹരോ വിളികള്‍ മുഴക്കുന്നത് കണ്ടും കേട്ടും നടന്നുനീങ്ങി. എപ്പോഴോ താഴെയെത്തിയയുടന്‍ വെച്ചുപിടിച്ചത് തട്ടുകടയിലെ ചൂടുദോശക്ക് മുന്നിലേക്ക്. രണ്ടു ദോശയുടെ വലുപ്പമുള്ള റോസ്റ്റിന് 15 രൂപ. കഴിച്ചിട്ടും പശി തീരാഞ്ഞ് ഓരോ ഇഡ്ഢലിയും വീതം അകത്താക്കി. ബസ് സ്റ്റാന്‍ഡ് സമീപത്തുതന്നെ.  മധുര റോഡ് ബോര്‍ഡ് കണ്ടു. ബസ്സില്‍ വീണ്ടും യാമങ്ങളെ വകഞ്ഞുമാറ്റി ചെന്തമിഴ് പെരുമയിലേക്ക്. രാത്രി എപ്പോഴോ ദിണ്ടിക്കല്‍ എന്നും മറ്റും കണ്ടക്ടറുടെ പേശ് കേട്ടു. മധുരയില്‍ എത്തിയപ്പോള്‍ നേരം നാലര. രാമേശ്വരത്തേക്കുള്ള ട്രെയിന്‍ കിടയ്ക്കാന്‍ ബസ്സ് കയറണമെന്ന് ഒരു നാട്ടുകാരന്‍. രാത്രി ബസ്സ് പിടിച്ച് സ്റ്റേഷനരികിലെത്തി. പ്രവിശാലമായ സ്റ്റേഷനും പരിസരവും. ട്രെയിന്‍ പുറപ്പെടാന്‍ അഞ്ചുനിമിഷം മാത്രം. ടിക്കറ്റെടുത്ത് സീറ്റ് പിടിച്ചു. വണ്ടി മധുരയില്‍ നിന്ന് കടലിനരികിലേക്കുതന്നെ. രാമേശ്വരം എത്തുമ്പോള്‍ കടലിലൂടെയുള്ള ട്രെയിന്‍ യാത്ര കാണാമെന്ന് സഹൃത്ത് പറഞ്ഞെങ്കിലും ഉറങ്ങിയെണീറ്റപ്പോള്‍ സ്റ്റേഷന്‍ പാമ്പന്‍ പാലം പിന്നിട്ട് രാമേശ്വരം പട്ടണണമഞ്ഞിരുന്നു. ഇറങ്ങി ഫ്‌ളാറ്റ്‌ഫോം കയറിയിറങ്ങിയപ്പോള്‍ സുഹൃത്തിന്റെ ഉപദേശം. റൂം കിട്ടിയാല്‍ കുളിയും മറ്റുമാകാം. സ്റ്റേഷന്‍ മാനേജരുടെ ബോര്‍ഡ് കണ്ട് അങ്ങോട്ട് പോയപ്പോള്‍ പത്രക്കാരന്റെ വിലാസമൊന്നും വേണ്ടെന്ന  ധ്വനി. റൂം എല്ലാം ഫുള്ളാച്ച്. നോ വേക്കന്റ് എന്ന് തമിഴ് കലര്‍ന്ന ഇംഗ്‌ളീഷ്.
കുളിക്കാന്‍ നോക്കിയപ്പോള്‍ വിശ്രമമുറിയും കുളികക്കൂസ് മുറികളെല്ലാം തിരക്കോട് തിരക്കും വൃത്തികേടിലും അമര്‍ന്നിരിക്കുന്നു. എങ്ങനെയോ പല്ലുതേച്ചെന്ന് വരുത്തി നേരെ രാമേശ്വരം ക്ഷേത്രം അന്വേഷിച്ചു. അപ്പോഴാണ് അതുപിന്നെയാകാം. നേരത്തെതന്നെ ധനുഷ്‌കോടി പിടിച്ചാല്‍ ഉദയം കാണാമെന്ന് പ്രമോദ്. പിന്നെ അമാന്തിച്ചില്ല. ബസ് സ്റ്റോപ്പില്‍ നിന്നപ്പോള്‍ പുലര്‍ച്ചെ അഞ്ചിന് കടലറ്റത്തേക്ക് ബസ്സുണ്ടെന്നറിഞ്ഞു. ചായപോലുമില്ലാതെ ബസ്സില്‍ പത്തുകിലോമീറ്ററപ്പുറത്തെ ധനുഷ്‌കോടിയിലേക്ക്. ചരിത്രം ചവച്ചുതുപ്പിയ ഈ കടലോര നഗരമിന്ന് വെറും മണല്‍തിട്ട മാത്രമാണ്. ഇവിടേക്ക് അത്ര വലിയ സന്ദര്‍ശകഒഴുക്കൊന്നുമില്ല. നേരം പുലരും മുമ്പ് കടലോരത്തെ ചായക്കടകള്‍ക്കുമുമ്പില്‍ ബസ് നിര്‍ത്തി ആളെയെല്ലാം ഇറക്കിവിട്ടു.  ഇതാണോ ധനുഷ്‌കോടി? അല്ല. ചായ കഴിഞ്ഞ് നടക്കാമെന്ന് പ്രമോദ്. ചായയും  കൂട്ടത്തില്‍ കടലോരത്തുതന്നെ കാര്യവും കഴിഞ്ഞ് മല്‍സ്യത്തൊഴിലാളികളുടെ കാല്‍പാദങ്ങള്‍ വഴികാട്ടിയാക്കി നടന്നു. നീണ്ട ഒന്‍പത് കിലോമീറ്ററിനപ്പുറത്താണ് ആ ചരിത്ര പട്ടണം. ധനുഷ്‌കോടി. 1924 ഡിസംബര്‍ 23ന് ചുഴലിക്കാറ്റില്‍ തിരകള്‍ കൊണ്ടുപോയ ട്രെയിനും അതിലെ 130  യാത്രക്കാരും കടലോരവാസികളായ ആയിരത്തോളം പേരും വീടുകളും റെയില്‍വെ സ്റ്റേഷനുമെല്ലാം കഥ പോലെ മനസ്സിലൂലെ കടന്നുപോയി. മണലിലൂടെ നനഞ്ഞിടം നോക്കി നടത്തം തുടര്‍ന്നു. ഇടക്ക് ഉദയസൂര്യകിരണങ്ങള്‍ മേഘങ്ങളെ തള്ളിമാറ്റി പുറത്തുവരാന്‍ ശ്രമിക്കുന്നത് കണ്ടു. കോടി പ്രകാശ വില്ലുകള്‍ കുലച്ച് കിരണ്‍. മൊബൈല്‍ കാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ പകര്‍ത്തി. നടത്തം തുടങ്ങിയിട്ട് അരണിക്കൂറായിക്കാണും. അതാ വരുന്നു ഒരു വാന്‍.  നിറയെ ആളുകളും . പഴയ പട്ടണം കാണാനുള്ള കൊതിക്കാരാണ്.
ഇനിയും അഞ്ചുകിലോമീറ്ററോളം ഉണ്ടെന്ന് മനസ്സ് പറഞ്ഞെങ്കിലും അങ്ങകലെ കാണുന്ന സ്തൂപവും മരത്തലപ്പുകളും സര്‍വോപരി പഞ്ചാരമണലും കടല്‍തിരകളും മാടിവിളിച്ചതുകാരണം ക്ഷീണം അറിഞ്ഞതേയില്ല.  ബംഗാള്‍ ഉള്‍ക്കടലിന്റെ നടുവിലേക്ക് നീട്ടിയിട്ട ഒരു തോണി പോലെ  മണല്‍പരപ്പ് നീണ്ടുനിവര്‍ന്നുകിടക്കുന്നു. ഭൂമിയുടെ അനന്തവിശാലതയെയും അതിലെ തന്റെ  സ്ഥാനത്തെയും കുറിച്ചോര്‍ത്ത് കൗതുകവും അമ്പരപ്പും  ഒരു പോലെ തോന്നി. അങ്ങകലെയല്ലേ  ഇന്തോനേഷ്യയും ഓസ്‌ട്രേലിലയും  ഒക്കെ.  കിഴക്കോട്ട് നോക്കി മനസ്സ് നെടുവീര്‍പ്പിട്ടു. ഇരമ്പുന്ന രണ്ടു കടല്‍തിരകള്‍ക്കു  നടുവിലെ  ഞാന്‍ ! പുരാതന  ധനുഷ്‌കോടിയിലെ റെയില്‍വെ സ്റ്റേഷന്റെ പൊട്ടിപ്പൊളിഞ്ഞ അവശിഷ്ടങ്ങളും പുതുതായി പണിയുന്ന ക്ഷേത്രങ്ങളും വി.എച്ച്.പിക്കാരുടേതെന്ന് കരുതുന്ന തമിഴിലെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡുകളും കണ്ടു. ഇനി മടങ്ങാം. രാമേശ്വരം യാത്രയുടെ രസം പകുതി തീര്‍ന്ന പോലെ. വണ്ടിക്ക് കൈകാണിച്ചപ്പോള്‍ ആദ്യത്തേത് ഓവര്‍ലോഡെന്ന് പറഞ്ഞ് പോയി. രണ്ടാമത്തേതും തഥൈവ. എന്നാല്‍ പരിചയപ്പെട്ട സ്വാമിയുടെ മകന്‍ പത്രക്കാരായിട്ടാണോ എന്തോ വണ്ടിയില്‍ കയറ്റാന്‍ ശുപാര്‍ശ ചെയ്തു. പിന്നില്‍ തിങ്ങിനിറഞ്ഞ വാനില്‍ ഡ്രൈവര്‍ കാബിന്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതിലേക്ക് രണ്ടുപേരെയും കയറ്റി. ആള്‍ക്ക് നൂറുവേണമെന്ന് ഡ്രൈവര്‍. അമ്പത് തരാമെന്ന് പറഞ്ഞപ്പോള്‍ സമ്മതം. അമ്പത് രൂപയാണ് ധനുഷ്‌കോടി തീരയാത്രക്കുള്ള വാന്‍നിരക്ക്. രസകരമായ അനുഭവം ഇവിടെയാണ്. ഈ വാന്‍ പോകുന്നത് ഇടക്ക് കടലില്‍ കൂടെയാണ്. വഴി കാണാനില്ലായിരുന്നിട്ടും ഡ്രൈവര്‍ക്ക് ഒരു പരിഭ്രവവുമില്ല. വാനിലൂടെ ആദ്യകടല്‍യാത്ര നടത്താനായി എന്ന സന്തോഷത്തില്‍ പുലര്‍ച്ചെ ബസ്സിറങ്ങിയ സ്ഥലത്തെത്തി . ഇവിടെ 24ലെ ചുഴലിക്കാറ്റിന്‍രെ ദുരന്തസ്മാരകസ്തൂപമുണ്ട്. ആ ശപ്തനിമിഷങ്ങളുടെ വിശദവവിവരങ്ങളും. ചുഴലിക്കാറ്റ് രാത്രി മുഴുവന്‍ വീശിയടിച്ചിട്ടും ഏതോ റെയില്‍വെ ഉദ്യോഗസ്ഥന്റ#െ തെറ്റായ തീരുമാനപ്രകാരം പതിവുപോലെ ട്രെയിന്‍ ഓടിച്ചതിനാലാണ് പാളവും ട്രെയിനും യാത്രക്കാരും കടലില്‍ അലിയാന്‍ കാരണമായത്. ഇന്നും രണ്ടുകിലോ മീറ്ററകലെ കടലില്‍ ആ ട്രെയിനിന്റെ അവശിഷ്ടങ്ങളുണ്ടെന്ന് പരിസരവാസി പറഞ്ഞു.
പാമ്പന്‍പാലമില്ലാതെന്ത് രാമേശ്വരം ! പാമ്പന്‍ പാലം കാണാനുറച്ച് ഉച്ചതിരിഞ്ഞ് കയറിയ ബസ്സില്‍ അരികില്‍ തന്നെ സീറ്റ് പിടിച്ചിരുന്നു. ക്ഷീണം കണ്‍പോളകളെ തഴുകിത്തുടങ്ങിയെങ്കിലും അതിലുമെത്രയോ മേലെയായിരുന്നു  പാമ്പന്‍പാലം. രാമേശ്വരം ദ്വീപില്‍ ഏതാനും കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ അതാ എത്തി പാലം. വലതുഭാഗത്ത് താഴെയായി ട്രെയിന്‍ പാളം. കടലില്‍ നിന്ന് കഷ്ടിച്ച്  പത്തടി ഉയരത്തിലാണ് പാളം നിര്‍മിച്ചിട്ടുള്ളത്. 1924ലെ ദുരന്തത്തിന് മുമ്പ് മരപ്പാലമായിരുന്നു ഇത്. ഇന്നിപ്പോള്‍ ഇരുമ്പ് പാലമാണ്. റോഡ് പോകുന്ന പാലം ആര്‍ച്ച് പോലെയാണ്. ട്രെയിന്‍ യാത്രയില്‍ ഉണര്‍ന്നിരുന്നാല്‍ നല്ലൊരു കാഴ്ചാനുഭവം തന്നെയാകും ഈ 2.3 കിലോമീറ്റര്‍ വരുന്ന ഇന്ത്യക്കാരന്റെ  ഈ അഭിമാനസ്തംഭം.രാമേശ്വരം ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴിയുള്ള കെട്ടിടമാണ്.  ഇവിടെയാണ് ജൈനരുടെ പുരാതനവും ശില്‍പഭംഗിയാര്‍ന്നതുമായ അമ്പലം. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കഷ്ടി ഒരു കിലോമീറ്ററേയുള്ളു  ഈ പുരാതന ക്ഷേത്രത്തിലേക്ക്. മടക്കത്തില്‍ ക്ഷേത്രത്തില്‍ കയറിയെങ്കിലും പുറത്തുകടക്കുന്നതെങ്ങനെയെന്നറിയാതെ ബദ്ധപ്പെട്ടു. നാലുഭാഗത്തും കവാടമാണിതിന്. ചുവരുകളിലെ  ബിംബങ്ങളിലെ കരവിരുതുകള്‍ കാണുമ്പോള്‍ കാഴ്ചഭംഗിയോടൊപ്പം ഇതിന് ചെലവഴിച്ച മനുഷ്യാധ്വാനവും മനസ്സില്‍ ഓടിയെത്തി.  ശ്രീപത്മനാഭക്ഷേത്രത്തിലെ സ്വര്‍ണനിലവറയും  അവ ആരുടേതെന്ന തര്‍ക്കവും പോലെ,  മധുരവഴി മടങ്ങുമ്പോള്‍ അവിടെയുമുണ്ട് തെന്നിന്ത്യയിലെ  പ്രശസ്ത ക്ഷേത്രം- മീനാക്ഷി. രാജാവ്  അകാരണമായി  ഭര്‍ത്താ

Wednesday, February 13, 2013

KUTHIRANOORUM GULFUKAARUM

കുതിര നൂറും ഗള്‍ഫുകാരും

ഞങ്ങള്‍ എളാപ്പ എന്നു വിളിക്കുന്ന അബ്ദുറഹിമാന്‍ക്ക വൈക്കോല്‍പണി നിര്‍ത്തിയാണ്‌ ഗള്‍ഫിലേക്ക്‌ പോകാന്‍തീരുമാനിച്ചത്‌. പോകുമ്പോള്‍ വിദ്യാഭ്യാസം ഇത്തിവേണം. അല്ലറ ചില്ലറ ഇംഗ്ലീഷും..
എളാപ്പയോട്‌ ചോദിച്ചു: എന്താ എപ്പഴാ പോകുന്നത്‌. ഇംഗ്ലീഷൊക്കെ പഠിച്ചോ..

എളാപ്പയുടെ മറുപടി:ഓകെ. ടാങ്ക്യു.

വിസ എന്നത്‌ അന്ന്‌ നാട്ടില്‍ പരിചിതമായവാക്കായി മാറിയിരുന്നു. ഒരാള്‍ യാത്രയാകുമ്പോള്‍തലേന്ന്‌ രാത്രിചെറിയമതചടങ്ങും സദ്യയുമുണ്ടാകും..പിന്നീടത്‌ പതുക്കെ മാറി....

കുതിരനോട്ടക്കാരന്റെ വിസയാണ്‌ നൂര്‍മുത്തിന്‌ കിട്ടുമെന്ന്‌ പറഞ്ഞത്‌. അതിനായി പരിശീലനം വേണമെന്ന്‌ ഒരാള്‍ കത്തിലൂടെ നൂര്‍മുത്തിനെ അറിയിച്ചിരുന്നു.
ഒരുദിവസം ഗ്രാമത്തില്‍നേരം പുലര്‍ന്നത്‌ നൂര്‍ എന്ന വൈക്കോല്‍നൂറ്‌ കുതിരയുമായി എത്തിയതോടെയാണ്‌.
റെയില്‍വെ ലൈനിനരികെ ആവശ്യത്തിന്‌ പുറമ്പോക്കുള്ളതിനാല്‍ കുതിര പരിശീലത്തിന്‌ വേണ്ടസൗകര്യമായി. ഗള്‍ഫില്‍ വലിയശമ്പളത്തിന്‌ പോകുന്നനൂറിന്റെ കുതിരസവാരിപരിശീലനംകാണാന്‍ അങ്ങനെ എത്രയോ പേര്‍കൂടി. അതില്‍ സ്‌ത്രീകളുംകുട്ടികളുമുണ്ട്‌. നൂറ്‌ കുതിരപ്പുറത്തേറി ഓട്ടുന്നതും മറിഞ്ഞുവീഴുന്നതും നാട്ടുകാര്‍ക്ക്‌ ദൃശ്യവിരുന്നായി. അന്നുവരെ വെക്കോല്‍ നൂറായിരുന്ന നൂര്‍മുത്ത്‌ അങ്ങനെ കുതിര നൂറായി.
എന്നാല്‍ വിസയുമില്ല, നൂറ്‌ ഗള്‍ഫ്‌ കണ്ടതുമില്ല എന്നത്‌ ട്രാജഡിയുടെ ക്ലെമാക്‌സ്‌.

ഇതെല്ലാം പഴങ്കഥകള്‍. അല്ലെങ്കില്‍ബഷീര്‍ഭാഷയില്‍ ബാല്യകാലസ്‌മരണകള്‍...

ഇന്നോ .. ഗള്‍ഫില്‍ നിന്ന്‌ നക്കാപ്പിച്ച സമ്പാദിച്ചവരെല്ലാം തിരിച്ചുവരികയാണ്‌. ഗ്രാമം കോണ്‍ക്രീറ്റ്‌ വീടുകള്‍ കൊണ്ട്‌ നിറഞ്ഞതും വയലുകള്‍ മണ്ണിട്ടുനികത്തിയതും പഴയകര്‍ഷകര്‍ മണ്‍മറഞ്ഞതും ആളുകള്‍ മുണ്ടുമാറ്റി പാന്റിട്ടുതുടങ്ങിയതും നൊങ്കും പനയും വെട്ടിക്കളഞ്ഞതും മാത്രം ഇപ്പോള്‍പാലക്കാടിന്റെ ഗ്രാമാന്തരങ്ങള്‍ക്ക്‌ മിച്ചം. പളപളാസാരിയുടുത്ത്‌ ഫോറിന്‍ കുടയുമായി നടന്നുനീങ്ങിയ ഐസതാത്ത മുതല്‍ പാത്തുമ്മ വരെ ഇന്ന്‌ കീറിത്തുടങ്ങിയപഴയ ജപ്പാന്‍ പോളിസ്‌റ്റര്‍ കള്ളിലുങ്കിയുമായി പഴയ പ്രതാപം അയവിറക്കുകയാണ്‌. ഭര്‍ത്താവിന്റെ ലീവ്‌ കഴിയുമോ എന്ന്‌ ആശങ്കപ്പെട്ട്‌ കരഞ്ഞ ബീവികള്‍ ഇന്ന്‌ ഒന്നുകൂടി പോയി നോക്കിന്‍ മനുഷ്യാ ...എന്ന്‌ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ആ വാക്ക്‌ ജ്വലിക്കുന്ന തീയായി പ്രവാസിയുടെ നെഞ്ച്‌ പൊള്ളിക്കുന്നു. വന്നവരോട്‌ എപ്പഴാ പോകുന്നത്‌ എന്ന്‌ ചോദിക്കാറില്ല ഞാന്‍. പലര്‍ക്കും ഉത്തരം പറയാന്‍ ആവില്ല. ചിലര്‍ പെട്ടെന്ന്‌ സംസാരം നിര്‍ത്തി തടികാലിയാക്കാന്‍ നോക്കുന്നു.

എങ്കിലും വന്നവരില്‍ ചിലരൊക്കെ സ്വന്തമായി ബിസിനസ്‌, വാന്‍സെയില്‍സ്‌, മൊബൈല്‍കട., ...ഒക്കെയായി നാട്ടില്‍ കാലുറപ്പിച്ചുതുടങ്ങി. ഇതില്‍ ഭൂമിക്കച്ചവടവും മറ്റുമായി കാര്യമായി സമ്പാദ്യമുള്ളവര്‍ തുലോ തുച്ഛം മാത്രവും. ജീവിതാന്ത്യം വരെ പതീക്ഷ വിടരുതല്ലോ...അടുപ്പ്‌ കത്തണ്ടേ.. മക്കളെ പഠിപ്പിക്കേണ്ടേ.. കെട്ടിച്ചുവിടേണ്ടേ...?

Friday, January 8, 2010

ഇനി തസ്്‌ലീമയും പേടിക്കണം

ഇനി മുതല്‍ തസ്്‌ലീമ നസ്രീനും പേടിക്കണം, മതത്തിന്റെ പേരിലുള്ള ഭീകരവാദികളെ മാത്രമല്ല, കേരളത്തിലെ സി.പി.എമ്മുകാരെയും ഡി.വൈ.എഫ്.ഐക്കാരെയും.എന്തുകൊണ്ടെന്നാല്‍ ആയത്തുല്ല ഖൊമേനിയെ പോലെ ഇതാ സി.പി.എം സ്റ്റേറ്റ് സെക്രട്ടറിയും പോളിറ്റ് ബ്യൂറോയിലെ സീനിയര്‍ അംഗവുമായ പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു, സദസ്സിന് രുചിക്കുന്ന രീതിയില്‍ പ്രസംഗിക്കണം.ഇസ്്‌ലാമിനെ വേണ്ടതിലധികം വിമര്‍ശിച്ച് എഴുതിയ പുസ്തകങ്ങളിലൂടെയാണ് മുംബൈ സ്വദേശിയായ സല്‍മാന്‍ റഷ്ദി ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖൊമേനിയുടെ വധഭീഷണി എന്ന ഫത് വക്ക് പാത്രമായത്. ബംഗ്ലാദേശ് എഴുത്തുകാരിയും ഇതേ ഗണത്തിലാണ് മതഭീകരവാദികളുടെ ഭീഷണി ഇന്നും നേരിട്ടുകൊണ്ട് സ്വരാജ്യത്തുനിന്ന് അകന്നുകഴിയുന്നത്. ഇപ്പോഴിതാ ഇടതുപക്ഷത്തിന്റെ കേരളത്തിലെയും ഇന്ത്യയിലെയും കുത്തക അവകാശം പതിച്ചുകിട്ടിയിട്ടുള്ള പിണറായി വിജയന്‍ ഫത് വ ഇറക്കിയിരിക്കുന്നത് സദസ്സിനും കേള്‍വിക്കാര്‍ക്കും വായനക്കാര്‍ക്കും എല്ലാം രുചിക്കുന്ന രീതിയിലേ പ്രസംഗിക്കാനോ എഴുതാനോ പാടുള്ളൂ. ഇത് പാലിച്ചില്ലെങ്കില്‍ കിട്ടുന്നത് ഒന്നാന്തരം വധ ഭീഷണിയും വേണ്ടിവന്നാല്‍ മര്‍ദനവും വധവും തന്നെ.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും മറുവിളി കൂട്ടുന്നവരാണ് ഇടതുപക്ഷക്കാര്‍. റഷ്ദിയുടെയും തസ്്‌ലീമയുടെയും കാര്യത്തില്‍ ഇത് കേരളം രുചിച്ചറിഞ്ഞതുമാണ്. കേരളത്തില്‍ തസ്്‌ലീമയെ തലയിലേറ്റി നടന്നവരും ഇടതുപക്ഷക്കാര്‍ തന്നെ. ഒരു വ്യക്തിക്ക് അയാള്‍ക്കിഷ്ടമുള്ള വിഷയം അയാള്‍ക്കിഷ്ടമുള്ള രൂപത്തിലും ശൈലിയിലും ആവിഷ്‌കരിക്കാമെന്നതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. അങ്ങനെയാണ് റഷ്ദിയെയും തസ്്‌ലീമയെയും പ്രവാചകന്‍ മുഹമ്മദിനെഅക്രമകാരിയായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരച്ച ഫ്രഞ്ചുകാരനെയും അത് പ്രസിദ്ധീകരിച്ച പത്രത്തിനെയും ഇടതുപക്ഷം പിന്തുണക്കുന്നത്. ഈ ഒരു തോന്നലിനിടയിലാണ് സക്കറിയ എന്ന ഇടതുപക്ഷ എഴുത്തുകാരന്‍ പയ്യന്നൂര്‍ എന്ന കമ്യൂണിസ്റ്റ് കോട്ടയില്‍ വെച്ച് കമ്യൂണിസ്റ്റുകാരായ യുവാക്കളുടെ വധ ഭീഷണിക്ക് ഇരയാകുന്നത്.സ്വാഭാവികമായും പിണറായി വിജയന്റെ നേരത്തെ പറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യ പോരാളികളായ അണികള്‍ അത് അനുവദിച്ചുകൊടുക്കേണ്ടതായിരുന്നു എന്ന് കരുതുന്നതാണ് ശരി. എന്നാല്‍ ഇവിടെ വന്ന് ഡി.വൈ.എഫ്.ഐയെ അധിക്ഷേപിച്ചിട്ട് ജീവനോടെ പോകാമെന്ന് കരുതേണ്ട എന്നാണ് കുട്ടി കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത്. ഇത് നേരത്തെ പറഞ്ഞ പാര്‍ട്ടിയുടെ പ്രഖ്യാപിതവും സ്ഥിരപ്രതിഷ്ഠ നേടിയതും പ്രചുരപ്രചാരം ലഭിച്ചതുമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും നയനിലപാടുകളെക്കുറിച്ചും അറിയാത്തവരാവും ഈ ചെറുപ്പക്കാരെന്ന് കരുതാനാണ് ആദ്യം വാര്‍ത്ത കേട്ടപ്പോള്‍ ഏതൊരാള്‍ക്കും തോന്നുക. എന്നാലിതാ പാര്‍ട്ടിയുടെ ഉതത്രവാദപ്പെട്ട നേതാവ് തന്നെ അത് തെറ്റാണെന്ന് തിരുത്തിക്കൊടുത്തിരിക്കുന്നു. അതായത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വെറുതെ പറയുന്നതാണ്. അതിന് ഒരു ബദല്‍ രേഖയുണ്ട്. അതിതാണ്. ആവിഷ്‌കാരം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുമ്പോള്‍ തന്നെ അത് നാട്ടുഭാഷയില്‍ പറയുമ്പോലെ ആളും തരവും അറിഞ്ഞുവേണം പ്രകടിപ്പിക്കാന്‍ എന്ന്.ശംഖുമുഖം കടപ്പുറത്തെ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ അതും നാളത്തെ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും മുന്നണിപ്പോരാളികളോടാണ് പാര്‍ട്ടി നേതാവ് ഇത്തരമൊരും ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഗൗരവകരമാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞാല്‍ നിങ്ങള്‍ ഭീഷണിപ്പെടുത്തിക്കോളൂ എന്ന വാക്കാല്‍ സര്‍ക്കുലര്‍ തന്നെ മി. പിണറായി വിജയന്‍ നല്‍കിയിരിക്കുന്നു. അണികള്‍ക്കെല്ലാം ഇത് മാധ്യമങ്ങള്‍ മുഖേന കിട്ടുകയും ചെയ്തു. വിശദമായും ഉദാഹരണസഹിതവുമാണ് പിണറായി വിജയന്‍ ഈ ഭേദഗതി അവതരിപ്പിച്ചത് എന്നതുകൊണ്ട് അബദ്ധവശാല്‍ പിണഞ്ഞതാണ് എന്ന് പൊളിറ്റ് ബ്യൂറോക്കും കാരാട്ട് സഖാവിനും ഇനി പറഞ്ഞൊഴിയാന്‍ പറ്റില്ല.മതവിശ്വാസികളുടെ യോഗത്തില്‍ മതനേതാവിനെതിരെ പറയുന്നതുപോലെയാണ് ഇത് എന്നാണ് പിണറായി ഉദാഹരിച്ചത്. അപ്പോള്‍ മതവിശ്വാസികള്‍ തസ്്‌ലീമക്കും റഷ്ദിക്കും ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റിനും പത്രത്തിനുമെതിരെ പറയുന്നതെല്ലാം ശരിയാണെന്നു കൂടി പിണറായി വ്യംഗേന പറഞ്ഞിരിക്കുന്നു. മതത്തെ കമ്യൂണിസവുമായി താരതമ്യപ്പെടുത്തുകകൂടി കമ്യൂണിസ്റ്റ് നേതാവ് ചെയ്തു. മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് മഅദനിയെ ന്യായീകിരക്കാന്‍ ഗാന്ധിജി മതമൗലികവാദിയായിരുന്നു എന്ന് പറഞ്ഞതിന് തുല്യമാണിത്. ഇ.എം.എസിനെ പാര്‍ട്ടി അന്ന് ശാസിച്ചുവെന്നത് മറക്കാനായിട്ടില്ല.പിണറായി പറഞ്ഞ മറ്റൊന്ന് പാര്‍ട്ടിയുടെ സര്‍വസമ്മതരായ സഖാക്കളെ സക്കറിയ ആക്ഷേപിച്ചു എന്നാണ്. സക്കറിയയാകട്ടെ അദ്ദേഹത്തിന്‍രെ പിണറായിക്കുള്ള മറുപടിയില്‍ ഇത് നിഷേധിക്കുകയും ചെയ്യുന്നു. അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തെറ്റ് ചെയ്യാത്തവരാണെന്നും അത് ചെയ്താല്‍ തന്നെ പരസ്യമായി വേദിയറിയാതെ അത് പറഞ്ഞുപോകരുതെന്നും കൂടി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കുന്നു. സക്കറിയയാകട്ടെ താനങ്ങനെ നേതാക്കളെ ആക്ഷേപിച്ചിട്ടില്ല എന്ന് പറയുകയും ചെയ്തു. അഥവാ അങ്ങനെ ചെയ്താല്‍ ഭീഷണിപ്പെടുത്തുന്നത് ശരിയാണെന്ന് വ്യംഗ്യമായി സൂചിപ്പിക്കുകയാണോ സക്കറിയയും ചെയ്യുന്നത് എന്നല്ലേ കരുതേണ്ടത്്?

അതിരപ്പിള്ളി വാട്ടര്‍ shock

വിവാദങ്ങളുടെ മടിത്തട്ടിലേക്ക് കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം എത്തിപ്പെടുന്നത് കഴിഞ്ഞ പതിറ്റാണ്ടിലാണ്. അന്നു മുതല്‍ പരിസ്ഥിതിക്കാരും സംസ്ഥാന വൈദ്യുതിബോര്‍ഡും നിരന്തരം പോര്‍വിളിമുഴക്കി അതിരപ്പിള്ളി വൈദ്യുതിപദ്ധതിക്കെതിരെയും അനുകൂലമായും മുറവിളി കൂട്ടുന്നു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നിലവിലെ വന്‍കിട വെള്ളച്ചാട്ടത്തെ ഇല്ലാതാക്കിയും നൂറുകണക്കിന് ആദിവാസികളുടെ ജീവന്‍ ഭീഷണിയിലാക്കിയും പതിനായിരക്കണക്കിന് ജലജീവികളെയും വന്യജീവികളെയും ഇല്ലാതാക്കിയും വേണോ ഇത്തരമൊരു വൈദ്യുതി ഉല്‍പാദം എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അവരാകട്ടെ വെറുതെ സമരം നടത്തുക മാത്രമല്ലായിരുന്നു. ചാലക്കുടി പുഴ സംരക്ഷണസമിതി എന്ന പേരില്‍ നിരന്തരം കിട്ടാവുന്ന എല്ലാ നിയമപരവും സാങ്കേതികപരവും ഭരണപരവുമായ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയതു മൂലമാണ് 10 വര്‍ഷം മുമ്പ് തുടങ്ങേണ്ട പദ്ധതി ഇന്നും അനിശ്ചിതത്വത്തിലായി നില്‍ക്കുന്നത്.90 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്ഡപാദിപ്പിക്കുമെന്ന് പറയുന്നത്. ഇതിനായി അതിരപ്പിള്ളി വെള്ളച്ചാട്ടം ഇടക്കിടെ നിയന്ത്രിക്കേണ്ടി വരുമെന്നതാണ് വിനോദസഞ്ചാരികളെയും കുഴക്കുന്നത്. രാത്രി സമയത്ത് മാത്രമേ വൈദ്യുതി ഉല്‍പാദിപ്പിക്കാനായി വെള്ളം തടഞ്ഞുനിര്‍ത്തൂ എന്നും ബാക്കി സമയം തുറന്നുവിടുമെന്നും പറയുന്നു. ഇങ്ങനെ വെള്ളം കെട്ടിനിര്‍്ത്തുകയും തുറന്നുവിടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുകയും ഇത് മൂലം താഴ് വരയിലെ ജനങ്ങള്‍ക്കും സ്വത്തിനും ഏറെ നഷ്ടം നേരിടുകയും ചെയ്യും.1997ല്‍ കോടതിയെ സമീപിച്ച് പുഴ സംരക്ഷണസമിതി നേടിയ പദ്ധതിയെക്കുറിച്ച് പഠിക്കാനുള്ള പൊതുതെളിവെടുപ്പിലാണ് ജനങ്ങള്‍ ഒന്നടങ്കം പദ്ധതിക്കെതിരെ രംഗത്തുവന്നത്. യു.ഡി.എഫ് ഭരണകാലത്ത് പദ്ധതിയുടെ സാധ്യത പഠിക്കാനാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ഇടതുഭരണകാലത്തും ഇപ്പോഴും പ്രത്യേകമായ നിര്‍ബന്ധബുദ്ധി കാണിക്കാന്‍ സി.പി.എം കാണിക്കുന്ന ധൃതി എന്തിനാണ് ഇതെന്ന ചോദ്യത്തിന് വഴിവെക്കുന്നു. യു.ഡി.എഫ് കാലത്ത് പദ്ധതിയെക്കുറിച്ച് സംസാരിക്കാതിരുന്നവര്‍ ഇപ്പോള്‍ പദ്ധതിക്ക് വേണ്ടി മുറവിളി കൂട്ടുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളുടെ കൂടെ നിന്ന് പദ്ധതിക്കെതിരാണെന്ന് പറയുകയും അത് കഴിയുമ്പോള്‍ പദ്ധതിക്ക് വേണ്ട് നിലകൊള്ളുകയുമാണ് സി.പി.എം ഇവിടെ ചെയ്യുന്നത്. കഴിഞ്ഞ പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് യു.ഡി.എഫിന്റെ കെ.പി ധനപാലന്‍ വന്‍ വിജയം നേടിയത് പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചതിനാലായിരുന്നു.പൊതുതെളിവെടുപ്പിന് ശേഷം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാണ് പദ്ധതിക്ക് പാരിസ്ഥിതിഅനുമതി സംസ്ഥാന സര്‍ക്കാര്‍ നേടിയെടുത്തത്. അതാകട്ടെ പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ വൃഥാവിലാകുകയായിരുന്നു. പരിസ്ഥിതി കാര്യങ്ങളില്‍ നല്ല ധാരണയുള്ള വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പദ്ധതി നടപ്പാക്കുമ്പോള്‍ ചാലക്കുടി റേഞ്ചിലെ വനത്തിന് കാര്യമായ നാശം സംഭവിക്കുമെന്ന് മനസ്സിലാക്കിയാണ് കഴിഞ്ഞ ദിവസം പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്.പദ്ധതി തുടങ്ങുമ്പോള്‍ വരുന്ന പാരിസ്ഥിതിക നാശത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ 15 ദിവസത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്.മന്ത്രി എ.കെ ബാലനാകട്ടെ അനാവശ്യവും ദുരൂഹവുമായ ധൃതിയും താല്‍പര്യവുമാണ് ഇക്കാര്യത്തില്‍ കാണിക്കുന്നത്. അഭിമാനപ്രശ്‌നമായാണ് മന്ത്രി ഇത് ഏറ്റെടുത്തിട്ടുള്ളത്. മന്ത്രി സഭയിലെയും ഇടതുപക്ഷത്തെ വനം മന്ത്രിയടക്കമുള്ള വരുടെയും എതിര്‍പ്പ് ശക്തവുമാണ്.ഏതായാലും അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ പണ്ട് സൈലന്റ് വാലി പദ്ധതിയുടെ കാര്യത്തിലെന്ന പോലെ നാട്ടുകാര്‍ക്കും ജീവജാലങ്ങള്‍ക്കും അനുകൂലമായ വിധി തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ചാലക്കുടിക്കാര്‍.പദ്ധതി ഒരു കാരണവശാലും വരാന്‍ സമ്മതിക്കില്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകനും പുഴ സംരക്ഷണസമിതി നേതാവുമായ മോഹന്‍ദാസും രവിയും ലതയും ആണയിടുന്നു. സമരമുഖവും നിയമത്തിന്റെ വഴിയും ഒരേ സമയം തേടുകയാണ് ഇവര്‍. അതേസമയം വൈദ്യുതി ബോര്‍ഡും ബന്ധപ്പെട്ടവരും പദ്ധതിവരുമ്പോഴുണ്ടാകുന്ന പണത്തിന്റെ ഒഴുക്കിലാണ് കണ്ണുനട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. അതില്‍ വാസ്തവമുണ്ടാകുമെന്നതിന്റെ തെളിവാണ് ചെറുകിട പദ്ധതികളുടെ കാര്യത്തില്‍ ബോര്‍ഡ് കാട്ടുന്ന താല്‍പര്യക്കുറവ്.

മലകയ്യേറ്റം

തൃശൂര്‍: കുന്നംകുളം അക്കിക്കാവില്‍ പരിസ്ഥിതിപ്രാധാന്യമുള്ള രണ്ടേക്കറോളം വരുന്ന കുന്ന് സി.പി.എം ഭരണസമിതി ഇടിച്ചുനിരപ്പാക്കാന്‍ നീക്കം. ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തും.അക്കിക്കാവ് കലശമലയാണ് സി.പി.എം ബ്ലോക്ക് ഭരണസമിതി പട്ടികജാതി വ്യവസായ എസ്റ്റേറ്റിനായി വെട്ടിമുറിക്കുന്നത്. ഇതിനായി പദ്ധതി അംഗീകരിച്ചുകഴിഞ്ഞു. ടിപ്പറും ഡോസറും എത്തി മണ്ണ ് നീക്കം ചെയ്യുന്നത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം പ്രാദേശിക നേതൃത്വം. കുളവെട്ടി തുടങ്ങിയ ലോകത്തിലെ അത്യപൂര്‍വ സസ്യസമ്പത്തിന്റെ കേന്ദ്രമായ കലശമലയുമായി ബന്ധപ്പെട്ടാണ് അക്കിക്കാവ്, ഇരുമ്പുപാലം മുതല്‍ കുന്നം കുളം വരെയുള്ള പാടശേഖരങ്ങളിലേക്കും വീടുകളിലേക്കും വെള്ളമെത്തുന്നത്. ഇത് തടസ്സപ്പെടുത്താന്‍പല കാലത്തും ശ്രമം നടത്തിയിട്ടുണ്ടെങ്കിലും നാട്ടുകാരും പരിസ്ഥിതിപ്രേമികളും മുന്‍കയ്യെടുത്ത് സംരക്ഷിക്കുകയായിരുന്നു.മൂന്നേക്കറോളം ഉണ്ടായിരുന്ന മല ഇപ്പോള്‍ കയ്യേറ്റം മൂലം ഒന്നര ഏക്കറോളമായി ചുരുങ്ങിയിരിക്കുകയാണ്. അഞ്ചുവര്‍ഷം മുമ്പ് സംഘ്്പരിവാര്‍ നേതൃത്വത്തില്‍ മല കയ്യേറി കല്‍പ്രതിമ സ്ഥാപിച്ചെങ്കിലും അത് നാട്ടുകാരും സി.പി.എമ്മുകാരും ചേര്‍ന്ന ് തടഞ്ഞിരുന്നു. അത്തരം വിജയകരമായ നടപടികളില്‍ സന്തോഷം പൂണ്ടിരിക്കുമ്പോഴാണ് സി.പി.എം പ്രാദേശിക നേതൃത്വം തന്നെ മല കയ്യേറി വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രശ്‌നം വാര്‍ത്തയായതോടെ ഒത്തുതീര്‍പ്പുമായി പ്രാദേശിക സി.പി.എം നേതൃത്വം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. വൈകാരികമായി ഒട്ടേറെ പ്രാധാന്യമുള്ള ഈ കുന്ന് ഇടിച്ചുനിരപ്പാക്കാന്‍ പിടഞ്ഞുമരിക്കേണ്ടിവന്നാലും സമ്മതിക്കേണ്ടിവന്നാലും സമ്മതിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ ക്കാര്‍ പറയുന്നു.

Wednesday, December 30, 2009

സംവരണം -bharthavinum

ഹോ, എന്താ അവിടെയൊരു ബഹളം.
സ്ത്രീകളുടെ സീറ്റ് തരുന്നില്ല സാറേ. ഇവിടെ പുരുഷന്മാര് കേറിയിരിക്യാ.
ഒന്നെണീറ്റ് കൊടുക്ക് സാറന്മാരേ. അതവരുടെ സീറ്റല്ലേ.
ഹെന്തിന് ഞാന്‍ കേറിയപ്പഴേ കണ്്ടക്ടറോട് ചോദിച്ചതാ. സ്ത്രീകളുടെ സീറ്റില്‍ ഇരുന്നോട്ടേന്ന്. എന്നിട്ട് ഇത്രയും ദൂരമെത്തിയപ്പോ എണീക്കാന്‍ പറയ്വാ. തൃശൂര്‍ വരെ എത്തേണ്ടതാ.
അതപ്പോ സ്ത്രീകളില്ലാഞ്ഞിട്ടല്ലേ?അത് പറഞ്ഞാലൊന്നും പറ്റില്ല. ആകെ മൂന്നു വരി സീറ്റേ സ്ത്രീകള്‍ക്കുള്ളൂ. അത് രണ്ടിലും പുരുഷന്മാരാ. പിന്നെ അതും തരില്ലാന്ന് വെച്ചാ.കണ്ടക്ടര്‍ പറഞ്ഞാലേ മാറിത്തരൂന്ന് പറഞ്ഞാ പറയാം.
യുവതി ചൂടായി.
കണ്ടക്ടര്‍ പറയൂ. ഇവരൊട് മാറിത്തരാന്‍.
ഒന്നു എണീറ്റ് കൊടുക്ക് സാറമ്മാരേ.
അത് പറഞ്ഞാലെങ്ങന്യാ . എനിക്ക് തൃശൂര്‍ വരെ പോകേണ്ടതാ.അത് പറഞ്ഞാലൊന്നും പറ്റില്ല. മാറിക്കൊടുത്തേ തീരൂ.
ഇത് അപ്പേഴേ പറഞ്ഞാ കേറില്ലായിരുന്നു, ഇരിക്കൂ പെണ്ണുമ്പിള്ളേ. ഇനി നിന്നിട്ട് കാല് കഴക്കണ്ട.
ഇരിക്കൂ ചേട്ടാ. (ഭവതിയുടെ അരികെ ഒരു പുരുഷനും കൂടിയിരുന്നു.)
ശരി. ആരാ ടിക്കറ്റെടുക്കാന്‍.
ഭവതി: രണ്ട് ടിക്കറ്റ്. ഒന്ന് പാലക്കാട്ടീന്ന്. മറ്റൊന്ന് കുഴല്‍മന്ദത്തീന്ന്. മറ്റത് ഭര്‍ത്താവാ.
കണ്ടോ,
ഇതാണ് ഭര്‍തൃസ്‌നേഹം-
സംവരണമോഡല്‍.

Monday, December 14, 2009

ടീവീക്കാര് പറയുമ്പോലെയാണ് കാര്യങ്ങളുടെ പോക്ക്

വന്ന് വന്ന് ഇപ്പോള്‍ ടീവീക്കാര് പറയുമ്പോലെയാണ് കാര്യങ്ങളുടെ പോക്ക്. പെണറായി സഖാവ് പെണങ്ങ്യാലും എണങ്ങ്യാലും നാട്ടാര്ക്ക് ടീവീക്കാരേം പത്രക്കാരേം വേണം. അല്ലെങ്കില്‍ എന്തൂട്ട് ജീവിതം മലയാളിക്ക്. രാവിലെ വീട്ടിന്ന് കിടന്നെണീറ്റയുടന്‍ പല്ല് തേച്ചാലും ഇല്ലെങ്കിലും വേണം മലയാളിക്ക് ചായയും പത്രവും. ഇപ്പോഴാകട്ടെ വൈകീട്ടെന്ത പരിപാടീന്ന് മോഹന്‍ലാല്‍ ചോദിച്ചാല്‍ കള്ളുകുടിയന്മാര് പോലും പറയും ഇത്തിരി കയറ്റണം ഉള്ളീക്ക്ന്ന്. എന്താണ് ഈ ഉള്ളീക്ക്ന്നല്ലേ, കള്ള് കുടിയന്മാര്‍ക്കാണെങ്കില്‍ മറ്റൊരു പിടുത്തം വേറെയുണ്ട്, അത് കുട്ടികളും പെണ്ണുംപിള്ളേം കിടന്നിട്ട് വേണം. ഒന്ന് വേണു, പിന്നെ നികേഷ് സഖാവ്, പിന്നെ ജോറന്‍ ഒരുത്തനുണ്ട്, നമ്മുടെ ബ്രിട്ടാസ് സാറ്. ഇവന്മാര് മൂന്നും കൂടി റിമോട്ട് വഴി മാറി മാറി ഓരോന്ന് പിടിച്ചാ പിന്നെ കള്ളും കഞ്ചാവും വേറെ കിടക്കും. പക്കേങ്കി ഒരു കണ്ടീഷന്‍ ഒണ്ട്. ചര്‍ച്ചയില്‍ ചെലവന്മാര് പ്രത്യേകം വേണം. അവന്മാരില്ലാണ്ട് എന്തു ചര്‍ച്ചയും കുന്ത്രാണ്ടോം?
പേര് പറയാം.1. ജനാബ് അബ്ദുറഹിമാന്‍ സാറ്.2. ജനാബ് അബ്ദുല്ല സാഹിബ്.3. കാരശേരി സഖാവ്.ഇവര് മൂവരും ഇല്ലാണ്ട് ചര്‍ച്ച നടത്തിയാ പിന്നെ ചാനലുകാരന്റെ പണി അടുത്ത ചാനലിലായതുതന്നെ.മലബാറിന്റെ പ്രാധാന്യം മനസ്‌സിലാക്കണ്ടേ.അതിന് പ്രത്യേകിച്ചും മുസ്്‌ലിം സഖാക്കള്‍ തന്നെ വേണം. പറ്റിയാല്‍ മുസ്്‌ലിം ആംഗിളില്‍ നാലഞ്ച് തട്ടാന്‍ കഴിവുള്ളവരാവണം.
ഇനി ഇവന്മാരാണ് ഒറിജിനല്‍ വിഷസര്‍പ്പങ്ങള്‍. എന്നാല്‍ ചര്‍ച്ചകള്‍ തലക്ക് പിടിക്കാന്‍ കണ്ണൂര്‍ സഖാക്കള്‍ ഇല്ലാതെ കൂട്ടില്ലെന്ന്തന്നെ.
4. ജയരാജന്‍ സഖാവ്. ഇതില്‍പി. ജയരാജന്‍. ഇ.പി ജയരാജന്‍, എം വി.ജയരാജന്‍ എന്നീ മൂന്നിനമുണ്ട്.ഇതില്‍ മൂന്നാമത്തെ ഒഴിച്ച് ബാക്കി രണ്ടെണ്ണം ഏത് വിധേനയും എന്തും തട്ടും. പക്ഷേ പ്രൊമോഷന്‍ കിട്ടിയതായിട്ടാവണം നമ്മുടെ ഇ.പി സഖാവ് ഇതിനൊന്നും ഇപ്പോ കാണാനില്ല.5. സാക്ഷാല്‍ കരിമൂര്‍ഖന്‍. വേഷം ഖദറാണെങ്കിലും ഏത് ചൊവപ്പനെയും മൂലക്കിരുത്താന്‍ വെന്‍ മതി. കണ്ണൂരെങ്കീ കണ്ണൂര്‍, മുണ്ടില്ലെങ്കീ വേണ്ട. പേര് പറയാ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശ്രീമാന്‍ എന്ന് കൂട്ടിവായിക്കുക. കുറിയും തടിയും തന്നെ ടീവീക്കാര്‍ക്ക് ധാരാളം. പിന്നെ നാക്കും അച്ചട്ടായാലോ. ഇവനാണ് യഥാര്‍ഥ പുലി. ലീഗില്ലാതെ എന്ത് കേരള രാഷ്ട്രീയം.?പുലിക്കുട്ടി. വല്ലപ്പോഴുമേ തല കാട്ടൂ. എന്നാല്‍ പറയുന്നത് ശ്രദ്ധിച്ച് കേക്കണം. അല്ലെങ്കി ക്ഷമ കൂടുതലുള്ളതുകൊണ്ട് മൂപ്പര് ശുണ്ഡിയെടുത്ത് സ്ഥലം വിടും. അതിന് പകരമായി ഖാദര്‍ സാഹിബുണ്ട്. ഇപ്പോ സീറ്റും പണിയും ഇല്ലാത്തതിനാല്‍ എപ്പോ വിളിച്ചാലും റെഡി. പണ്ട് സി.പി.ഐക്കാരുടെ കൂടെ കിടന്നിട്ടുള്ളതുകൊണ്ട് അവരെ തടുക്കാന്‍ പറ്റിയ ഇനം.
7. ഇവന്മാരാണ് യഥാര്‍ഥ പുടിത്തക്കാര്. രം ഒറിജിനല്‍. രാം ഇങ്കിരീസില്‍ റം ആണല്ലോ. ഹിന്ദിയിലും അതെ. സംഘ് പരിവാരമില്ലാതെ എന്ത് ചര്‍ച്ച. രാജഗോപാല്‍ സാറ് വെറുതെയിരിക്കുകയാ. വിളിച്ചുനോക്കാം. പിന്നെ പ്രസിഡണ്ടാകാന്‍ കഴിവുള്ള അരഡസന്‍ ഉണ്ട്. പാര്‍ട്ടിയില്ലെങ്കിലെന്താ നേതാക്കള്‍ക്ക് പഞ്ഞമില്ല. പക്ഷേ ഇവരുടെ കൂടെ ഒരുത്തനുണ്ട്. ആള്‍ കാരക്കോലില്‍ ചിതല് കയറിയപോലെയാണെങ്കിലും വാചകം ആലിന്‍തടി പോലെ. ശുദ്ധ ഭാഷ. സംസ്‌കൃതത്തിനും സവര്‍ണനും പറ്റിയത്.ചര്‍ച്ച കൊഴുത്തുവരവെ ഇവന്മാരൊക്കെ സലാം പറഞ്ഞ് പോകും. സമയം കഴിഞ്ഞെന്ന് നികേഷും മറ്റ് സഖാക്കളും പറയുമ്പോള്‍ റിമോട്ടില്‍ വിരലമരുന്നു വീണ്ടും.
ഇനിയെന്ത് വേണ്ടൂ ശരാശരി മലയാളിക്ക. വാര്‍ത്തക്കിടെ ഹര്‍ത്താല്‍ എന്നേ കേട്ടാല്‍ പിന്നെ ജോറായി.
ശുഭം....