Friday, January 8, 2010

ഇനി തസ്്‌ലീമയും പേടിക്കണം

ഇനി മുതല്‍ തസ്്‌ലീമ നസ്രീനും പേടിക്കണം, മതത്തിന്റെ പേരിലുള്ള ഭീകരവാദികളെ മാത്രമല്ല, കേരളത്തിലെ സി.പി.എമ്മുകാരെയും ഡി.വൈ.എഫ്.ഐക്കാരെയും.എന്തുകൊണ്ടെന്നാല്‍ ആയത്തുല്ല ഖൊമേനിയെ പോലെ ഇതാ സി.പി.എം സ്റ്റേറ്റ് സെക്രട്ടറിയും പോളിറ്റ് ബ്യൂറോയിലെ സീനിയര്‍ അംഗവുമായ പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു, സദസ്സിന് രുചിക്കുന്ന രീതിയില്‍ പ്രസംഗിക്കണം.ഇസ്്‌ലാമിനെ വേണ്ടതിലധികം വിമര്‍ശിച്ച് എഴുതിയ പുസ്തകങ്ങളിലൂടെയാണ് മുംബൈ സ്വദേശിയായ സല്‍മാന്‍ റഷ്ദി ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖൊമേനിയുടെ വധഭീഷണി എന്ന ഫത് വക്ക് പാത്രമായത്. ബംഗ്ലാദേശ് എഴുത്തുകാരിയും ഇതേ ഗണത്തിലാണ് മതഭീകരവാദികളുടെ ഭീഷണി ഇന്നും നേരിട്ടുകൊണ്ട് സ്വരാജ്യത്തുനിന്ന് അകന്നുകഴിയുന്നത്. ഇപ്പോഴിതാ ഇടതുപക്ഷത്തിന്റെ കേരളത്തിലെയും ഇന്ത്യയിലെയും കുത്തക അവകാശം പതിച്ചുകിട്ടിയിട്ടുള്ള പിണറായി വിജയന്‍ ഫത് വ ഇറക്കിയിരിക്കുന്നത് സദസ്സിനും കേള്‍വിക്കാര്‍ക്കും വായനക്കാര്‍ക്കും എല്ലാം രുചിക്കുന്ന രീതിയിലേ പ്രസംഗിക്കാനോ എഴുതാനോ പാടുള്ളൂ. ഇത് പാലിച്ചില്ലെങ്കില്‍ കിട്ടുന്നത് ഒന്നാന്തരം വധ ഭീഷണിയും വേണ്ടിവന്നാല്‍ മര്‍ദനവും വധവും തന്നെ.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും മറുവിളി കൂട്ടുന്നവരാണ് ഇടതുപക്ഷക്കാര്‍. റഷ്ദിയുടെയും തസ്്‌ലീമയുടെയും കാര്യത്തില്‍ ഇത് കേരളം രുചിച്ചറിഞ്ഞതുമാണ്. കേരളത്തില്‍ തസ്്‌ലീമയെ തലയിലേറ്റി നടന്നവരും ഇടതുപക്ഷക്കാര്‍ തന്നെ. ഒരു വ്യക്തിക്ക് അയാള്‍ക്കിഷ്ടമുള്ള വിഷയം അയാള്‍ക്കിഷ്ടമുള്ള രൂപത്തിലും ശൈലിയിലും ആവിഷ്‌കരിക്കാമെന്നതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. അങ്ങനെയാണ് റഷ്ദിയെയും തസ്്‌ലീമയെയും പ്രവാചകന്‍ മുഹമ്മദിനെഅക്രമകാരിയായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരച്ച ഫ്രഞ്ചുകാരനെയും അത് പ്രസിദ്ധീകരിച്ച പത്രത്തിനെയും ഇടതുപക്ഷം പിന്തുണക്കുന്നത്. ഈ ഒരു തോന്നലിനിടയിലാണ് സക്കറിയ എന്ന ഇടതുപക്ഷ എഴുത്തുകാരന്‍ പയ്യന്നൂര്‍ എന്ന കമ്യൂണിസ്റ്റ് കോട്ടയില്‍ വെച്ച് കമ്യൂണിസ്റ്റുകാരായ യുവാക്കളുടെ വധ ഭീഷണിക്ക് ഇരയാകുന്നത്.സ്വാഭാവികമായും പിണറായി വിജയന്റെ നേരത്തെ പറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യ പോരാളികളായ അണികള്‍ അത് അനുവദിച്ചുകൊടുക്കേണ്ടതായിരുന്നു എന്ന് കരുതുന്നതാണ് ശരി. എന്നാല്‍ ഇവിടെ വന്ന് ഡി.വൈ.എഫ്.ഐയെ അധിക്ഷേപിച്ചിട്ട് ജീവനോടെ പോകാമെന്ന് കരുതേണ്ട എന്നാണ് കുട്ടി കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത്. ഇത് നേരത്തെ പറഞ്ഞ പാര്‍ട്ടിയുടെ പ്രഖ്യാപിതവും സ്ഥിരപ്രതിഷ്ഠ നേടിയതും പ്രചുരപ്രചാരം ലഭിച്ചതുമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും നയനിലപാടുകളെക്കുറിച്ചും അറിയാത്തവരാവും ഈ ചെറുപ്പക്കാരെന്ന് കരുതാനാണ് ആദ്യം വാര്‍ത്ത കേട്ടപ്പോള്‍ ഏതൊരാള്‍ക്കും തോന്നുക. എന്നാലിതാ പാര്‍ട്ടിയുടെ ഉതത്രവാദപ്പെട്ട നേതാവ് തന്നെ അത് തെറ്റാണെന്ന് തിരുത്തിക്കൊടുത്തിരിക്കുന്നു. അതായത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വെറുതെ പറയുന്നതാണ്. അതിന് ഒരു ബദല്‍ രേഖയുണ്ട്. അതിതാണ്. ആവിഷ്‌കാരം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുമ്പോള്‍ തന്നെ അത് നാട്ടുഭാഷയില്‍ പറയുമ്പോലെ ആളും തരവും അറിഞ്ഞുവേണം പ്രകടിപ്പിക്കാന്‍ എന്ന്.ശംഖുമുഖം കടപ്പുറത്തെ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ അതും നാളത്തെ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും മുന്നണിപ്പോരാളികളോടാണ് പാര്‍ട്ടി നേതാവ് ഇത്തരമൊരും ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഗൗരവകരമാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞാല്‍ നിങ്ങള്‍ ഭീഷണിപ്പെടുത്തിക്കോളൂ എന്ന വാക്കാല്‍ സര്‍ക്കുലര്‍ തന്നെ മി. പിണറായി വിജയന്‍ നല്‍കിയിരിക്കുന്നു. അണികള്‍ക്കെല്ലാം ഇത് മാധ്യമങ്ങള്‍ മുഖേന കിട്ടുകയും ചെയ്തു. വിശദമായും ഉദാഹരണസഹിതവുമാണ് പിണറായി വിജയന്‍ ഈ ഭേദഗതി അവതരിപ്പിച്ചത് എന്നതുകൊണ്ട് അബദ്ധവശാല്‍ പിണഞ്ഞതാണ് എന്ന് പൊളിറ്റ് ബ്യൂറോക്കും കാരാട്ട് സഖാവിനും ഇനി പറഞ്ഞൊഴിയാന്‍ പറ്റില്ല.മതവിശ്വാസികളുടെ യോഗത്തില്‍ മതനേതാവിനെതിരെ പറയുന്നതുപോലെയാണ് ഇത് എന്നാണ് പിണറായി ഉദാഹരിച്ചത്. അപ്പോള്‍ മതവിശ്വാസികള്‍ തസ്്‌ലീമക്കും റഷ്ദിക്കും ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റിനും പത്രത്തിനുമെതിരെ പറയുന്നതെല്ലാം ശരിയാണെന്നു കൂടി പിണറായി വ്യംഗേന പറഞ്ഞിരിക്കുന്നു. മതത്തെ കമ്യൂണിസവുമായി താരതമ്യപ്പെടുത്തുകകൂടി കമ്യൂണിസ്റ്റ് നേതാവ് ചെയ്തു. മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് മഅദനിയെ ന്യായീകിരക്കാന്‍ ഗാന്ധിജി മതമൗലികവാദിയായിരുന്നു എന്ന് പറഞ്ഞതിന് തുല്യമാണിത്. ഇ.എം.എസിനെ പാര്‍ട്ടി അന്ന് ശാസിച്ചുവെന്നത് മറക്കാനായിട്ടില്ല.പിണറായി പറഞ്ഞ മറ്റൊന്ന് പാര്‍ട്ടിയുടെ സര്‍വസമ്മതരായ സഖാക്കളെ സക്കറിയ ആക്ഷേപിച്ചു എന്നാണ്. സക്കറിയയാകട്ടെ അദ്ദേഹത്തിന്‍രെ പിണറായിക്കുള്ള മറുപടിയില്‍ ഇത് നിഷേധിക്കുകയും ചെയ്യുന്നു. അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തെറ്റ് ചെയ്യാത്തവരാണെന്നും അത് ചെയ്താല്‍ തന്നെ പരസ്യമായി വേദിയറിയാതെ അത് പറഞ്ഞുപോകരുതെന്നും കൂടി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കുന്നു. സക്കറിയയാകട്ടെ താനങ്ങനെ നേതാക്കളെ ആക്ഷേപിച്ചിട്ടില്ല എന്ന് പറയുകയും ചെയ്തു. അഥവാ അങ്ങനെ ചെയ്താല്‍ ഭീഷണിപ്പെടുത്തുന്നത് ശരിയാണെന്ന് വ്യംഗ്യമായി സൂചിപ്പിക്കുകയാണോ സക്കറിയയും ചെയ്യുന്നത് എന്നല്ലേ കരുതേണ്ടത്്?

അതിരപ്പിള്ളി വാട്ടര്‍ shock

വിവാദങ്ങളുടെ മടിത്തട്ടിലേക്ക് കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം എത്തിപ്പെടുന്നത് കഴിഞ്ഞ പതിറ്റാണ്ടിലാണ്. അന്നു മുതല്‍ പരിസ്ഥിതിക്കാരും സംസ്ഥാന വൈദ്യുതിബോര്‍ഡും നിരന്തരം പോര്‍വിളിമുഴക്കി അതിരപ്പിള്ളി വൈദ്യുതിപദ്ധതിക്കെതിരെയും അനുകൂലമായും മുറവിളി കൂട്ടുന്നു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നിലവിലെ വന്‍കിട വെള്ളച്ചാട്ടത്തെ ഇല്ലാതാക്കിയും നൂറുകണക്കിന് ആദിവാസികളുടെ ജീവന്‍ ഭീഷണിയിലാക്കിയും പതിനായിരക്കണക്കിന് ജലജീവികളെയും വന്യജീവികളെയും ഇല്ലാതാക്കിയും വേണോ ഇത്തരമൊരു വൈദ്യുതി ഉല്‍പാദം എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അവരാകട്ടെ വെറുതെ സമരം നടത്തുക മാത്രമല്ലായിരുന്നു. ചാലക്കുടി പുഴ സംരക്ഷണസമിതി എന്ന പേരില്‍ നിരന്തരം കിട്ടാവുന്ന എല്ലാ നിയമപരവും സാങ്കേതികപരവും ഭരണപരവുമായ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയതു മൂലമാണ് 10 വര്‍ഷം മുമ്പ് തുടങ്ങേണ്ട പദ്ധതി ഇന്നും അനിശ്ചിതത്വത്തിലായി നില്‍ക്കുന്നത്.90 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്ഡപാദിപ്പിക്കുമെന്ന് പറയുന്നത്. ഇതിനായി അതിരപ്പിള്ളി വെള്ളച്ചാട്ടം ഇടക്കിടെ നിയന്ത്രിക്കേണ്ടി വരുമെന്നതാണ് വിനോദസഞ്ചാരികളെയും കുഴക്കുന്നത്. രാത്രി സമയത്ത് മാത്രമേ വൈദ്യുതി ഉല്‍പാദിപ്പിക്കാനായി വെള്ളം തടഞ്ഞുനിര്‍ത്തൂ എന്നും ബാക്കി സമയം തുറന്നുവിടുമെന്നും പറയുന്നു. ഇങ്ങനെ വെള്ളം കെട്ടിനിര്‍്ത്തുകയും തുറന്നുവിടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുകയും ഇത് മൂലം താഴ് വരയിലെ ജനങ്ങള്‍ക്കും സ്വത്തിനും ഏറെ നഷ്ടം നേരിടുകയും ചെയ്യും.1997ല്‍ കോടതിയെ സമീപിച്ച് പുഴ സംരക്ഷണസമിതി നേടിയ പദ്ധതിയെക്കുറിച്ച് പഠിക്കാനുള്ള പൊതുതെളിവെടുപ്പിലാണ് ജനങ്ങള്‍ ഒന്നടങ്കം പദ്ധതിക്കെതിരെ രംഗത്തുവന്നത്. യു.ഡി.എഫ് ഭരണകാലത്ത് പദ്ധതിയുടെ സാധ്യത പഠിക്കാനാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ഇടതുഭരണകാലത്തും ഇപ്പോഴും പ്രത്യേകമായ നിര്‍ബന്ധബുദ്ധി കാണിക്കാന്‍ സി.പി.എം കാണിക്കുന്ന ധൃതി എന്തിനാണ് ഇതെന്ന ചോദ്യത്തിന് വഴിവെക്കുന്നു. യു.ഡി.എഫ് കാലത്ത് പദ്ധതിയെക്കുറിച്ച് സംസാരിക്കാതിരുന്നവര്‍ ഇപ്പോള്‍ പദ്ധതിക്ക് വേണ്ടി മുറവിളി കൂട്ടുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളുടെ കൂടെ നിന്ന് പദ്ധതിക്കെതിരാണെന്ന് പറയുകയും അത് കഴിയുമ്പോള്‍ പദ്ധതിക്ക് വേണ്ട് നിലകൊള്ളുകയുമാണ് സി.പി.എം ഇവിടെ ചെയ്യുന്നത്. കഴിഞ്ഞ പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് യു.ഡി.എഫിന്റെ കെ.പി ധനപാലന്‍ വന്‍ വിജയം നേടിയത് പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചതിനാലായിരുന്നു.പൊതുതെളിവെടുപ്പിന് ശേഷം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാണ് പദ്ധതിക്ക് പാരിസ്ഥിതിഅനുമതി സംസ്ഥാന സര്‍ക്കാര്‍ നേടിയെടുത്തത്. അതാകട്ടെ പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ വൃഥാവിലാകുകയായിരുന്നു. പരിസ്ഥിതി കാര്യങ്ങളില്‍ നല്ല ധാരണയുള്ള വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പദ്ധതി നടപ്പാക്കുമ്പോള്‍ ചാലക്കുടി റേഞ്ചിലെ വനത്തിന് കാര്യമായ നാശം സംഭവിക്കുമെന്ന് മനസ്സിലാക്കിയാണ് കഴിഞ്ഞ ദിവസം പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്.പദ്ധതി തുടങ്ങുമ്പോള്‍ വരുന്ന പാരിസ്ഥിതിക നാശത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ 15 ദിവസത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്.മന്ത്രി എ.കെ ബാലനാകട്ടെ അനാവശ്യവും ദുരൂഹവുമായ ധൃതിയും താല്‍പര്യവുമാണ് ഇക്കാര്യത്തില്‍ കാണിക്കുന്നത്. അഭിമാനപ്രശ്‌നമായാണ് മന്ത്രി ഇത് ഏറ്റെടുത്തിട്ടുള്ളത്. മന്ത്രി സഭയിലെയും ഇടതുപക്ഷത്തെ വനം മന്ത്രിയടക്കമുള്ള വരുടെയും എതിര്‍പ്പ് ശക്തവുമാണ്.ഏതായാലും അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ പണ്ട് സൈലന്റ് വാലി പദ്ധതിയുടെ കാര്യത്തിലെന്ന പോലെ നാട്ടുകാര്‍ക്കും ജീവജാലങ്ങള്‍ക്കും അനുകൂലമായ വിധി തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ചാലക്കുടിക്കാര്‍.പദ്ധതി ഒരു കാരണവശാലും വരാന്‍ സമ്മതിക്കില്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകനും പുഴ സംരക്ഷണസമിതി നേതാവുമായ മോഹന്‍ദാസും രവിയും ലതയും ആണയിടുന്നു. സമരമുഖവും നിയമത്തിന്റെ വഴിയും ഒരേ സമയം തേടുകയാണ് ഇവര്‍. അതേസമയം വൈദ്യുതി ബോര്‍ഡും ബന്ധപ്പെട്ടവരും പദ്ധതിവരുമ്പോഴുണ്ടാകുന്ന പണത്തിന്റെ ഒഴുക്കിലാണ് കണ്ണുനട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. അതില്‍ വാസ്തവമുണ്ടാകുമെന്നതിന്റെ തെളിവാണ് ചെറുകിട പദ്ധതികളുടെ കാര്യത്തില്‍ ബോര്‍ഡ് കാട്ടുന്ന താല്‍പര്യക്കുറവ്.

മലകയ്യേറ്റം

തൃശൂര്‍: കുന്നംകുളം അക്കിക്കാവില്‍ പരിസ്ഥിതിപ്രാധാന്യമുള്ള രണ്ടേക്കറോളം വരുന്ന കുന്ന് സി.പി.എം ഭരണസമിതി ഇടിച്ചുനിരപ്പാക്കാന്‍ നീക്കം. ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തും.അക്കിക്കാവ് കലശമലയാണ് സി.പി.എം ബ്ലോക്ക് ഭരണസമിതി പട്ടികജാതി വ്യവസായ എസ്റ്റേറ്റിനായി വെട്ടിമുറിക്കുന്നത്. ഇതിനായി പദ്ധതി അംഗീകരിച്ചുകഴിഞ്ഞു. ടിപ്പറും ഡോസറും എത്തി മണ്ണ ് നീക്കം ചെയ്യുന്നത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം പ്രാദേശിക നേതൃത്വം. കുളവെട്ടി തുടങ്ങിയ ലോകത്തിലെ അത്യപൂര്‍വ സസ്യസമ്പത്തിന്റെ കേന്ദ്രമായ കലശമലയുമായി ബന്ധപ്പെട്ടാണ് അക്കിക്കാവ്, ഇരുമ്പുപാലം മുതല്‍ കുന്നം കുളം വരെയുള്ള പാടശേഖരങ്ങളിലേക്കും വീടുകളിലേക്കും വെള്ളമെത്തുന്നത്. ഇത് തടസ്സപ്പെടുത്താന്‍പല കാലത്തും ശ്രമം നടത്തിയിട്ടുണ്ടെങ്കിലും നാട്ടുകാരും പരിസ്ഥിതിപ്രേമികളും മുന്‍കയ്യെടുത്ത് സംരക്ഷിക്കുകയായിരുന്നു.മൂന്നേക്കറോളം ഉണ്ടായിരുന്ന മല ഇപ്പോള്‍ കയ്യേറ്റം മൂലം ഒന്നര ഏക്കറോളമായി ചുരുങ്ങിയിരിക്കുകയാണ്. അഞ്ചുവര്‍ഷം മുമ്പ് സംഘ്്പരിവാര്‍ നേതൃത്വത്തില്‍ മല കയ്യേറി കല്‍പ്രതിമ സ്ഥാപിച്ചെങ്കിലും അത് നാട്ടുകാരും സി.പി.എമ്മുകാരും ചേര്‍ന്ന ് തടഞ്ഞിരുന്നു. അത്തരം വിജയകരമായ നടപടികളില്‍ സന്തോഷം പൂണ്ടിരിക്കുമ്പോഴാണ് സി.പി.എം പ്രാദേശിക നേതൃത്വം തന്നെ മല കയ്യേറി വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രശ്‌നം വാര്‍ത്തയായതോടെ ഒത്തുതീര്‍പ്പുമായി പ്രാദേശിക സി.പി.എം നേതൃത്വം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. വൈകാരികമായി ഒട്ടേറെ പ്രാധാന്യമുള്ള ഈ കുന്ന് ഇടിച്ചുനിരപ്പാക്കാന്‍ പിടഞ്ഞുമരിക്കേണ്ടിവന്നാലും സമ്മതിക്കേണ്ടിവന്നാലും സമ്മതിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ ക്കാര്‍ പറയുന്നു.