കുതിര നൂറും ഗള്‍ഫുകാരും
ഞങ്ങള്‍ എളാപ്പ എന്നു വിളിക്കുന്ന അബ്ദുറഹിമാന്‍ക്ക വൈക്കോല്‍പണി
നിര്‍ത്തിയാണ് ഗള്‍ഫിലേക്ക് പോകാന്‍തീരുമാനിച്ചത്. പോകുമ്പോള്‍
വിദ്യാഭ്യാസം ഇത്തിവേണം. അല്ലറ ചില്ലറ ഇംഗ്ലീഷും..
എളാപ്പയോട് ചോദിച്ചു: എന്താ എപ്പഴാ പോകുന്നത്. ഇംഗ്ലീഷൊക്കെ പഠിച്ചോ..
എളാപ്പയുടെ മറുപടി:ഓകെ. ടാങ്ക്യു.
വിസ എന്നത് അന്ന് നാട്ടില്‍ പരിചിതമായവാക്കായി മാറിയിരുന്നു. ഒരാള്‍ യാത്രയാകുമ്പോള്‍തലേന്ന് രാത്രിചെറിയമതചടങ്ങും സദ്യയുമുണ്ടാകും..പിന്നീടത് പതുക്കെ മാറി....
കുതിരനോട്ടക്കാരന്റെ വിസയാണ് നൂര്‍മുത്തിന് കിട്ടുമെന്ന് പറഞ്ഞത്.
അതിനായി പരിശീലനം വേണമെന്ന് ഒരാള്‍ കത്തിലൂടെ നൂര്‍മുത്തിനെ
അറിയിച്ചിരുന്നു.
ഒരുദിവസം ഗ്രാമത്തില്‍നേരം പുലര്‍ന്നത് നൂര്‍ എന്ന വൈക്കോല്‍നൂറ് കുതിരയുമായി എത്തിയതോടെയാണ്.
റെയില്‍വെ ലൈനിനരികെ ആവശ്യത്തിന് പുറമ്പോക്കുള്ളതിനാല്‍ കുതിര
പരിശീലത്തിന് വേണ്ടസൗകര്യമായി. ഗള്‍ഫില്‍ വലിയശമ്പളത്തിന്
പോകുന്നനൂറിന്റെ കുതിരസവാരിപരിശീലനംകാണാന്‍ അങ്ങനെ എത്രയോ പേര്‍കൂടി.
അതില്‍ സ്‌ത്രീകളുംകുട്ടികളുമുണ്ട്. നൂറ് കുതിരപ്പുറത്തേറി ഓട്ടുന്നതും
മറിഞ്ഞുവീഴുന്നതും നാട്ടുകാര്‍ക്ക് ദൃശ്യവിരുന്നായി. അന്നുവരെ വെക്കോല്‍
നൂറായിരുന്ന നൂര്‍മുത്ത് അങ്ങനെ കുതിര നൂറായി.
എന്നാല്‍ വിസയുമില്ല, നൂറ് ഗള്‍ഫ് കണ്ടതുമില്ല എന്നത് ട്രാജഡിയുടെ ക്ലെമാക്‌സ്.
ഇതെല്ലാം പഴങ്കഥകള്‍. അല്ലെങ്കില്‍ബഷീര്‍ഭാഷയില്‍ ബാല്യകാലസ്‌മരണകള്‍...
ഇന്നോ .. ഗള്‍ഫില്‍ നിന്ന് നക്കാപ്പിച്ച സമ്പാദിച്ചവരെല്ലാം
തിരിച്ചുവരികയാണ്. ഗ്രാമം കോണ്‍ക്രീറ്റ് വീടുകള്‍ കൊണ്ട് നിറഞ്ഞതും
വയലുകള്‍ മണ്ണിട്ടുനികത്തിയതും പഴയകര്‍ഷകര്‍ മണ്‍മറഞ്ഞതും ആളുകള്‍
മുണ്ടുമാറ്റി പാന്റിട്ടുതുടങ്ങിയതും നൊങ്കും പനയും വെട്ടിക്കളഞ്ഞതും മാത്രം
ഇപ്പോള്‍പാലക്കാടിന്റെ ഗ്രാമാന്തരങ്ങള്‍ക്ക് മിച്ചം. പളപളാസാരിയുടുത്ത്
ഫോറിന്‍ കുടയുമായി നടന്നുനീങ്ങിയ ഐസതാത്ത മുതല്‍ പാത്തുമ്മ വരെ ഇന്ന്
കീറിത്തുടങ്ങിയപഴയ ജപ്പാന്‍ പോളിസ്‌റ്റര്‍ കള്ളിലുങ്കിയുമായി പഴയ പ്രതാപം
അയവിറക്കുകയാണ്. ഭര്‍ത്താവിന്റെ ലീവ് കഴിയുമോ എന്ന് ആശങ്കപ്പെട്ട്
കരഞ്ഞ ബീവികള്‍ ഇന്ന് ഒന്നുകൂടി പോയി നോക്കിന്‍ മനുഷ്യാ ...എന്ന്
പറഞ്ഞുതുടങ്ങിയിരിക്കുന്നു. ആ വാക്ക് ജ്വലിക്കുന്ന തീയായി പ്രവാസിയുടെ
നെഞ്ച് പൊള്ളിക്കുന്നു. വന്നവരോട് എപ്പഴാ പോകുന്നത് എന്ന്
ചോദിക്കാറില്ല ഞാന്‍. പലര്‍ക്കും ഉത്തരം പറയാന്‍ ആവില്ല. ചിലര്‍
പെട്ടെന്ന് സംസാരം നിര്‍ത്തി തടികാലിയാക്കാന്‍ നോക്കുന്നു.
എങ്കിലും വന്നവരില്‍ ചിലരൊക്കെ സ്വന്തമായി ബിസിനസ്, വാന്‍സെയില്‍സ്,
മൊബൈല്‍കട., ...ഒക്കെയായി നാട്ടില്‍ കാലുറപ്പിച്ചുതുടങ്ങി. ഇതില്‍
ഭൂമിക്കച്ചവടവും മറ്റുമായി കാര്യമായി സമ്പാദ്യമുള്ളവര്‍ തുലോ തുച്ഛം
മാത്രവും. ജീവിതാന്ത്യം വരെ പതീക്ഷ വിടരുതല്ലോ...അടുപ്പ് കത്തണ്ടേ..
മക്കളെ പഠിപ്പിക്കേണ്ടേ.. കെട്ടിച്ചുവിടേണ്ടേ...?
No comments:
Post a Comment